വ്യാഴാഴ്‌ച, സെപ്റ്റംബർ 29, 2011

'നീല സാഗരം സാക്ഷിയായ്...'വിദ്യാലയ ചരിത്രവുമായി ഒരു സുവനീര്‍


ബേക്കല്‍: ബേക്കല്‍ ഗവ.ഫിഷറീസ് എല്‍.പി.സ്‌കൂള്‍ സോവനീര്‍ പ്രകാശനം ഒക്ടോബര്‍ രണ്ടിന് നടക്കും.
ബേക്കല്‍ കടപ്പുറത്തെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ കൂട്ടത്തോടെ വിദ്യാലയത്തില്‍ എത്താന്‍ തുടങ്ങിയതിന്റെ ചരിത്രവും, ഇതിലേക്ക് നയിച്ച ഒട്ടനവധി ഘടകങ്ങളും ഉള്‍പ്പെടുത്തിയാണ് സോവനീര്‍ തയ്യാറാക്കിയിട്ടുള്ളത്. 

സപ്തതി പിന്നിട്ട ഈ തീരദേശ വിദ്യാലയത്തിന്റെ വളര്‍ച്ചയിലെ വിവിധ ഘട്ടങ്ങള്‍ അനാവരണം ചെയ്യുന്ന സുവനീര്‍, 'നീല സാഗരം സാക്ഷിയായ്' ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് പ്രകാശനം ചെയ്യും. ചരിത്രത്തില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് സമീപകാലത്ത് ഈ വിദ്യാലയം കൈവരിച്ച നേട്ടങ്ങളുടെ നേര്‍ സാക്ഷ്യങ്ങളും, വിദ്യാലയത്തിലെ കുട്ടികള്‍ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രചിച്ച സര്‍ഗാല്‍മക സൃഷ്ടികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

വിദ്യാലയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പുസ്തകം പുറത്തിറക്കുന്നതെന്ന് അധ്യാപക രക്ഷാകര്‍തൃ സമിതി ഭാരവാഹികള്‍ അറിയിച്ചു. പരസ്യങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ,വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പൂര്‍വ വിദ്യാര്‍ഥികളില്‍ നിന്നും, രക്ഷിതാക്കളില്‍ നിന്നും, നാട്ടുകാരില്‍ നിന്നും സമാഹരിച്ച തുക ഉപയോഗിച്ചാണ് പുസ്തകത്തിന്റെ അച്ചടി പൂര്‍ത്തിയാക്കിയത്. ഒക്ടോബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ടു മണിക്ക് സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍,ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.എം.വേണു ഗോപാലന് നല്‍കി സോവനീര്‍ പ്രകാശനം നിര്‍വഹിക്കും. 

ചടങ്ങില്‍ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍ അധ്യക്ഷത വഹിക്കും. ബി.ആര്‍.സി. ട്രെയിനര്‍ കൃഷ്ണദാസ് പലേരി പുസ്തകം പരിചയപ്പെടുത്തും. പ്രധാനാധ്യാപകന്‍ കെ.നാരായണന്‍, മുന്‍ എ.ഇ.ഒ ജി.കെ.ശ്രീകണ്ഠന്‍ നായര്‍, ബി.പി.ഒ.വസന്തകുമാര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശോഭ കരുണാകരന്‍, ബി.രഘു, വി.ആര്‍. വിദ്യാസാഗര്‍, കണ്ണന്‍ കാരണവര്‍, കെ.ശംഭു, കെ .ശശികുമാര്‍, നിഷ. എസ്, സുമ ടീച്ചര്‍, സ്‌കൂള്‍ ലീഡര്‍ ഷിബിന്‍ തുടങ്ങിയവര്‍ സംസാരിക്കും. സ്‌കൂള്‍ പരിധിയിലെ മുഴുവന്‍ വീടുകളിലും, ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും പുസ്തകം സൗജന്യമായി നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഞായറാഴ്‌ച, സെപ്റ്റംബർ 11, 2011

ഓണപ്പരീക്ഷയ്ക്കൊപ്പം ഓണാഘോഷവും...

ഓണാവധിക്ക് സ്കൂള്‍ അടക്കുന്നത് സെപ്തംബര്‍രണ്ടിന്..അതിനുമുമ്പ് അപ്രതീക്ഷിതമായി കടന്നു വന്ന കുറെ അവധി ദിനങ്ങള്‍...ഫലമോ,സ്കൂള്‍ അടക്കുന്ന ദിവസവും ഓണപ്പരീക്ഷയുണ്ട്!ഈ സമയത്ത് ഇങ്ങനെയൊരു പരീക്ഷ വേണ്ടായിരുന്നു..മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഒന്നാം ഭാഗം പുസ്തകം പഠിപ്പിച്ചു തീരുന്ന സമയത്ത് മതിയായിരുന്നില്ലേ ഈ പരീക്ഷ?(അഥവാ, പരീക്ഷണം!) നമ്മളെന്തു പറയാന്‍..മേലെയിരിക്കുന്ന ആളുകള്‍ ഓരോന്ന് തീരുമാനിക്കുന്നു..നമ്മള്‍ നടപ്പിലാക്കുന്നു.(നിര്‍ത്താന്‍ പറയുമ്പോള്‍ നിര്‍ത്തുന്നു!തുടങ്ങാന്‍ പറയുമ്പോള്‍ തുടങ്ങുന്നു!!)..ചോദ്യപ്പേപ്പര്‍ ഡൌന്‍ലോഡ് ചെയ്യലും,കോപ്പിയെടുക്കലും, രഹസ്യമായി സൂക്ഷിക്കലും ഒക്കെയായി കുറെ ദിവസം തിരക്കോടു തിരക്ക് തന്നെയായിരുന്നു...ഇതിനിടയില്‍ ഓണാഘോഷത്തിന്റെ ഒരുക്കങ്ങളൊന്നും കാര്യമായി നടത്താന്‍ കഴിഞ്ഞില്ല..എങ്കിലും ഒരവധിദിവസം അമ്മമാരുടെയും,അച്ഛന്‍മാരുടെയും കമ്മറ്റികള്‍ വിളിച്ചു ചേര്‍ത്ത്‌ സദ്യക്കുള്ള ഒരുക്കങ്ങള്‍ നടത്തി..പബ്ലിസിറ്റി ആഗ്രഹിക്കാത്ത ഒരു പ്രവാസി അത്യാവശ്യം വേണ്ടുന്ന സാമ്പത്തികം വാഗ്ദാനം ചെയ്തതുകൊണ്ട്  സദ്യ ഭംഗിയായി നടക്കുമെന്ന് ഉറപ്പായി..ഇനി മറ്റു പരിപാടികള്‍..പരീക്ഷാസമയപ്പട്ടിക പ്രകാരം രണ്ടാം തീയ്യതി രാവിലെ 11 .30 നു പരീക്ഷ തീരും.  (പരമാവധി ഒന്നര മണിക്കൂര്‍ മാത്രമേ പരീക്ഷയ്ക്ക് വേണ്ടി ചെലവഴിക്കാവൂ...കൂടുതല്‍ സമയം വെറുതെ കളയാതെ ബാക്കി സമയത്ത് പഠന പ്രവര്‍ത്തനങ്ങള്‍ മുറപോലെ നടക്കണമെന്ന് ഉത്തരവില്‍ നിഷ്കര്‍ഷിച്ചത്കൊണ്ട്  രക്ഷപ്പെട്ടു...) അതു കഴിഞ്ഞ്‌ ആഘോഷം നടത്താനും രക്ഷിതാക്കളുടെ യോഗത്തില്‍ വെച്ചു തന്നെ ധാരണയാക്കി  ..പരീക്ഷയ്ക്കിടയില്‍ പൂക്കള്‍ പറിക്കാന്‍കുട്ടികളെ നിര്‍ബന്ധിക്കുന്നത്‌ ശരിയല്ലല്ലോ...അതിനാല്‍ പൂക്കളം ഒരുക്കുന്ന പതിവു  പരിപാടി   വേണ്ടെന്നു വെച്ചു..ഒടുവില്‍ നടത്തിയത് ഇത്രമാത്രം     -വിത്ത്‌പെറുക്കല്‍,കസേരക്കളി,സുന്ദരിക്ക് പൊട്ടു തൊടല്‍  ..(ഓരോ ക്ലാസ്സിനും പ്രത്യേകം പ്രത്യേകമായി മത്സരം നടത്തിയപ്പോള്‍ അത്രയേ സമയം കിട്ടിയുള്ളൂ...)ഒരു കാര്യം പറയാന്‍ വിട്ടുപോയി...എല്ലാ കുട്ടികള്‍ക്കും അവരുടെ സങ്കല്‍പ്പത്തിലെ ഓണത്തെക്കുറിച്ച്‌ ചിത്രം വരക്കാനുള്ള ഒരവസരവും തുടക്കത്തില്‍ ത്തന്നെ നല്‍കിയിരുന്നു..ഇതിനു മുന്നോടിയായി ടീച്ചറും കുട്ടികളും ക്ലാസ് മുറിയില്‍ വെച്ചു നടത്തിയ'ഓണസല്ലാപ'ത്തിലൂടെ ഓണത്തെക്കുറിച്ച് ചില കാര്യങ്ങള്‍ കുട്ടികള്‍ മനസ്സിലാക്കുകയും ചെയ്തു..
                അപ്രതീക്ഷിതമായിക്കടന്നുവന്ന ഓണപ്പരീക്ഷയും,റംസാന്‍ അവധിയും കാരണം പല വിദ്യാലയങ്ങളിലും ഈ വര്‍ഷത്തെ ഓണാഘോഷത്തിന് പൊലിമ കുറവായിരുന്നു..ചിലയിടങ്ങളില്‍ ആഘോഷം നാടന്നതെയില്ല..എന്നാല്‍ കുട്ടികള്‍ക്ക് ഹരം പകര്‍ന്ന് ,അവരില്‍ ഒരാളായി മാറി 'സുന്ദരിക്ക് പൊട്ടു തൊടാന്‍' ഓരോ ടീച്ചറും കണ്ണുകെട്ടി രംഗത്തിറങ്ങിയ    ഞങ്ങളുടെ ഓണാഘോഷം പാല്പ്പായാസ മടക്കമുള്ള സദ്യയോടെ ഗംഭീരമായിത്തന്നെ സമാപിച്ചു! 
 
 
 
 




വെള്ളിയാഴ്‌ച, സെപ്റ്റംബർ 09, 2011

'പൂവിളി'(കവിത)

കവിത 
                           'പൂവിളി'
    ''ഓണനാള്‍ വന്നിങ്ങടുത്തെത്തി
    ഓണപ്പൂക്കളം  തീര്‍ക്കണ്ടേ?''
    ഓര്‍ക്കാപ്പുറത്തമ്മ  ചൊന്നനേരം
    ഓമനപ്പെണ്‍കിടാവമ്പരന്നു
                   'പൂക്കളം തീര്‍ക്കുവാന്‍ പൂക്കള്‍ വേണ്ടേ?
                    പൂക്കളിറുക്കുവാനെങ്ങു  പോകും?'
                    പെണ്‍കിടാവിങ്ങനെ സംശയിക്കേ,
                    പിന്നിലായ് കേട്ടു പതിഞ്ഞ ശബ്ദം
    ''പൂക്കളം തീര്‍ക്കുവാന്‍ പൂക്കള്‍ വേണം
    പൂക്കള്‍ പറിക്കുവാനൊത്തു പോണം
    പൂക്കൂടയില്ലാതെ പൂവിളിയില്ലാതെ
    പൂക്കളം തീര്‍ക്കുവാന്‍ പൂ പോരുമോ?''
                  വായില്‍ മുറുക്കാന്‍ ചവച്ചുകൊണ്ട്
                  വാതില്‍പ്പടിയും കടന്നുവന്ന്
                  മുത്തശ്ശി മെല്ലെ മൊഴിഞ്ഞിടവേ
                  പെണ്ണിന്റെ സംശയം വേറെയായി
        ''പൂക്കളം തീര്‍ക്കുവാന്‍ പൂക്കള്‍ പോരേ?
         പൂക്കൂട പൂവിളി എന്തിനാണ്? 
        'പൂക്കൂട'യെന്താണ്?'പൂവിളി'യെന്താണ്?        പൂക്കളം തീര്‍ക്കാനിതെന്തിനാണ്?''
                  പെണ്ണിന്റെ സംശയം കേട്ടപാടെ
                  പൊട്ടിച്ചിരിച്ചുപോയ്‌ മുത്തശ്ശിയും
                  'പൂക്കൂട ,പൂവിളി എന്തെന്നറിയാത്ത
                  പൊട്ടിയോടെന്തു   ഞാന്‍ ചൊല്ലിടേണ്ടൂ!'
         മുത്തശ്ശി യിങ്ങനെ സംശയിക്കേ
         ഉച്ചത്തിലാരോ വിളിച്ചു ചൊല്ലി
        ''പൂക്കള്‍ വേണോ, നല്ല പൂക്കള്‍ വേണോ?
         പൂക്കളം തീര്‍ക്കുവാന്‍ പൂക്കള്‍ വേണോ?''
                    പൂക്കൂട തലയില്‍ ചുമന്നു കൊണ്ട്
                    പൂക്കാരിപ്പെണ്ണ്  വിളിച്ചു ചൊല്ലി
                   ''പൂക്കള്‍ വേണോ നല്ല പൂക്കള്‍ വേണോ
                    പുതു പുത്തന്‍ 'തോവാളപ്പൂക്കള്‍'വേണോ?''                          
        ''പൂക്കൂട കണ്ടല്ലോ,പൂവിളി കേട്ടല്ലോ!''
         പെണ്‍കിടാവാര്‍ത്തു  ചിരിച്ചിടുന്നു!
         'പുതുലോകപ്പൂക്കൂട,പുതുലോകപ്പൂവിളി'
         മുത്തശ്ശി യന്തിച്ചു നിന്നിടുന്നു!!
                                                   
                                                         (നാരായണന്‍ മാഷ്‌ ഒയോളം)
          
     


                           

ഞായറാഴ്‌ച, സെപ്റ്റംബർ 04, 2011

ഒരു രണ്ടാം ക്ലാസ്സുകാരിയുടെ കുറിപ്പുകള്‍

ഇന്ന് സ്വാതന്ത്ര്യദിനം.പതിവിലും നേരത്തെ സ്കൂളില്‍ എത്തി.കൂട്ടുകാരോടൊപ്പം ക്ലാസ്സും പരിസരവും അലങ്കരിച്ചു.ദേശീയപതാകയുടെ ബാഡ്ജ് ധരിച്ചു.ഒമ്പതരയ്ക്ക് അസ്സംബ്ലി തുടങ്ങി.ഹെട്മാസ്ടര്‍ പതാക ഉയര്‍ത്തി.നാലാം ക്ലാസ്സിലെ ചേച്ചിമാര്‍ പതാകഗാനം ചൊല്ലി.ഞങ്ങള്‍ പതാകയെ സല്യുട്ട് ചെയ്തു.സ്വാതന്ത്ര്യ ദിനത്തെക്കുറിച്ച്  ഹെട്മാസ്ടര്‍ കുറെ കാര്യങ്ങള്‍ പറഞ്ഞുതന്നു.പി.ടി.എ പ്രസിടന്റ്റ് ശശികുമാര്‍,മദര്‍ പി.ടി.എ പ്രസിടന്റ്റ് നിഷ, സീമടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.അമ്മമാരും ടീച്ചര്‍മാരും ലഡുവും മിഠായിയും തന്നു.കുറച്ചു കഴിഞ്ഞ് ജാഥ തുടങ്ങി.സ്കൂള്‍ ലീഡര്‍ ഷിബിന്‍ കൊടി പിടിച്ച്‌ മുമ്പില്‍ നടന്നു.പ്രത്വിഷ്,അര്‍ഷ,ശാലു തുടങ്ങിയവര്‍ മുദ്രാവാക്യം വിളിച്ചുതന്നു.ഞങ്ങള്‍ ഉച്ചത്തില്‍ ഏറ്റു വിളിച്ചു.പോകുന്ന വഴിക്ക് രണ്ടു ക്ലബ്ബുകാരുടെ വക ലഡുവും മിഠായിയും കിട്ടി.വീടുകള്‍ കയറിയിറങ്ങുന്ന തെയ്യത്തിനെ കണ്ടു.ജാഥ സ്കൂളില്‍ തിരിച്ചെത്തി.എല്ലാവരും മരത്തണലില്‍ ഇരുന്നു.ഹെട്മാസ്ടര്‍ സ്വാതന്ത്ര്യഗീതങ്ങള്‍ പാടിത്തന്നു.''ഇന്ത്യയെന്റെ രാജ്യം.........,ഇന്ത്യ പെറ്റ  മക്കള്‍ നമ്മളെന്നുമൊന്ന്....ഹിന്ദുവല്ല,ക്രിസ്ത്യനല്ല,നമ്മള്‍ മനുഷ്യര്‍.....''പാട്ടുകള്‍ എനിക്ക് ഇഷ്ടപ്പെട്ടു.പിന്നീട് പ്രത്യേക ബാലസഭ തുടങ്ങി.ഷിബിന്‍ സ്വാഗതം പറഞ്ഞു.സുമടീച്ചര്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പര്‍  ശോഭ കരുണാകരന്‍ ഉല്‍ഘാടനം ചെയ്തു.സുജി ടീച്ചര്‍ പ്രസംഗിച്ചു. ഓരോ ക്ലാസ്സിലെയും കുട്ടികള്‍ ഗ്രൂപ്പായി ദേശ ഭക്തി ഗാനങ്ങള്‍ ചൊല്ലി.കുറെ കുട്ടികള്‍ പ്രസംഗിച്ചു.അതിനു ശേഷം ക്വിസ്  തുടങ്ങി.മുഴുവന്‍ കുട്ടികളും  പങ്കെടുത്തു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട  കാര്യങ്ങള്‍ ഇതിലൂടെ  മനസ്സിലായി.പരപടികള്‍ കഴിയുമ്പോഴേക്കും പായസം റെഡി!അങ്ങനെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം ഗംഭീരമായി.