ഞായറാഴ്‌ച, ജൂലൈ 31, 2011

കുന്നിനു പറയാന്‍ കുന്നോളം....



  നാലാം ക്ലാസ്സില്‍, 'കുന്നിറങ്ങി വയലിലേക്ക്‌' എന്ന പാഭാഗവുമായി  ബന്ധപ്പെട്ട് നടന്ന പ്രവര്‍ത്തനങ്ങള്‍  പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം കുട്ടികളില്‍ വളര്‍ത്താന്‍ ഏറെ സഹായകമായി എന്നതിന്റെ തെളിവാണ് പന പ്രവര്‍ത്തനങ്ങളിലൂടെ  രൂപം കൊണ്ട അവരുടെ  ഉല്‍പ്പന്നങ്ങള്‍.കടലോരത്ത് ജീവിക്കുന്ന ഞങ്ങളുടെ കുഞ്ഞുങ്ങളില്‍ പലരും കുന്ന് നേരിട്ട് കാണാത്തവരാണ്.കഴിഞ്ഞ വര്‍ഷം ക്ലാസ്സിലെ ബിഗ്‌ സ്ക്രീനില്‍ ടീച്ചറും കുട്ടികളും ചേര്‍ന്ന് കുന്നും,കാടും,കാട്ടിലെ ജീവികളും,വയലും എല്ലാം ഒരുക്കിയായിരുന്നു പ്രവര്‍ത്തനങ്ങള്‍ നടത്തിയതെങ്കില്‍ ഇത്തവണ ക്ലാസ്സുമുറിയില്‍ കുന്നിന്റെ ത്രിമാന മാതൃക തന്നെ തീര്‍ക്കുകയായിരുന്നു!ആവശ്യമായ മണ്ണും,പുല്ലും,ചെടികളും,ജീവികളുടെ രൂപങ്ങളും എല്ലാം കുട്ടികള്‍ തന്നെ സംഘടിപ്പിച്ചു.ഒപ്പം ടീച്ചറുടെ സഹായവും കൂടിയായപ്പോള്‍ കുന്ന് റെഡി! കുന്നിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ചും,കുന്നുകള്‍ സംരക്ഷിക്കേണ്ടതിന്റെ  ആവശ്യകതയെക്കുറിച്ചുമെല്ലാം    അവര്‍ ചര്‍ച്ച ചെയ്തു.. കുറിപ്പുകള്‍ തയ്യാറാക്കി അവതരിപ്പിച്ചു..ഡിസ്പ്ലേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചു...പത്ര കട്ടിങ്ങുകള്‍ ശേഖരിച്ചു..ശാസ്ത്ര സാഹിത്യ പരിഷത്ത് തയ്യാറാക്കിയ 'നിലവിളി'      എന്ന വീഡിയോ ഡോക്യു മെന്‍ററിയുടെ പ്രദര്‍ശനം കുട്ടികളുടെ മനസ്സില്‍ തട്ടി.......'രാക്ഷസക്കൈ' ഉയര്‍ത്തി കുന്നിനെ മാന്തിപ്പറിക്കുന്ന  ജെ.സി.ബി.യുടെ ഭീകര രൂപം അവരുടെ മനസ്സില്‍ മായാതെ കിടന്നു! 'കുന്ന് നശിച്ചാല്‍'എന്നതായിരുന്നു ഇതുമായി ബന്ധപ്പെട്ട് ക്ലാസ്സില്‍ നടന്ന അവസാന പ്രവര്‍ത്തനം.കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍ പതിപ്പായി പ്രകാശനം ചെയ്തു.അതു മാത്രം മതി കുട്ടികളില്‍ ഉണ്ടായ പാരിസ്ഥിതിക അവബോധത്തിന്റെ തെളിവായി..ഈ അവബോധം എന്നും അവരുടെ മനസ്സില്‍ ഉണ്ടായെങ്കില്‍!